കടലും, കായലും, ചരിത്ര സ്മാരകങ്ങളും, പാരമ്പര്യ നിര്‍മ്മിതികളും സമൃദ്ധമാക്കുന്ന കൊച്ചി, കേരളത്തിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. വാണിജ്യ തലസ്ഥാനമായ കൊച്ചിയോട് ചേര്‍ന്ന ബോള്‍ഗാട്ടി പാലസ്, നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്നു. കെ.ടി.ഡി.സി. സംരംഭമായ ബോള്‍ഗാട്ടി പാലസിനോട് തൊട്ടുചേര്‍ന്ന് അന്താരാഷ്ട്ര മറീനയും, ബോള്‍ഗാട്ടി ഇവന്റ് സെന്ററും പ്രവര്‍ത്തിക്കുന്നു.
1744 ല്‍ ഡച്ച് വ്യാപാരികള്‍ നിര്‍മ്മിച്ച ഈ ആഢംബര മന്ദിരത്തില്‍ കൊട്ടാര സദൃശ്യമായ
നാലു മുറികളും, മറ്റ് ലോകോത്തര സൗകര്യങ്ങളും ഉണ്ട്. ഹോളണ്ടിനു പുറത്ത് ഡച്ചുകാര്‍
നിര്‍മ്മിച്ച ഏറ്റവും പഴക്കമുള്ള മന്ദിരമാണ് ഇത്.
മധുവിധുവിനുള്ള സ്വര്‍ലോകമായി വിശേഷിക്കപ്പെടുന്ന ബോള്‍ഗാട്ടിയില്‍ ഒഴിവുകാല
വിനോദങ്ങളും, വ്യാപാരവും ഒത്ത് ചേര്‍ന്നിരിക്കുന്നു.
റിസോര്‍ട്ടിന് മെയിന്‍ ബ്ലോക്ക്, മാന്‍സണ്‍ ബ്ലോക്ക്, മറീന ബ്ലോക്ക് എന്നിങ്ങനെ
മൂന്നു ഭാഗങ്ങളാണുള്ളത്. മാന്‍സണ്‍ ബ്ലോക്കിലാണ് കൊട്ടാര മുറികള്‍ ഉള്ളത്.
മറീന ബ്ലോക്കിന്റെ ഒരുവശത്ത് ആഢംബര മറീനകള്‍ നങ്കൂരമിടുന്നു. മറുഭാഗത്താണ് ഗോള്‍ഫ്
മൈതാനം. കായലിന് അഭിമുഖമായി ആറ് കോട്ടേജുകള്‍ ഇവിടെയുണ്ട്. 1925 ല്‍ നിര്‍മ്മിച്ച
ഗോള്‍ഫ് മൈതാനം, റിസോര്‍ട്ടിന് ചുറ്റുമായി വ്യാപിച്ചു കിടക്കുന്നു.
കായലിനും കൊച്ചി, വല്ലാര്‍പാടം തുറമുഖങ്ങള്‍ക്കും അഭിമുഖമായി 'ഇവന്റ് സെന്റര്‍'
നില്‍ക്കുന്നു. വ്യാപാര സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍, വിവാഹ സല്‍ക്കാരങ്ങള്‍
എന്നിവക്ക് അനുയോജ്യ വേദിയാണ് സെന്റര്‍.
നഗരത്തിന്റെ ഒരു ബഹളവുമില്ലാതെ, നഗര ഹൃദയത്തില്‍ നില്‍ക്കുന്ന ആകര്‍ഷകവും അപൂര്‍വ്വ
സുന്ദരവുമായ കേന്ദ്രമാണ് ബോള്‍ഗാട്ടി ഇവന്റ് സെന്റര്‍.
അന്താരാഷ്ട്ര നിലവാരത്തിലുള്ള രാജ്യത്തെ ആദ്യ മറീനയായ ഇവിടെ ഒരേ സമയം 34 ആഢംബര യാട്ടുകള്‍ക്ക് നങ്കൂരമിടാന്‍ സൗകര്യമുണ്ട്. കേരളത്തിന്റെ വാസ്തു ശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള മറീനയില്‍, വെള്ളം, വൈദ്യുതി, സീവേജ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.