മറൈന്‍ ഡ്രൈവ് : (ബോട്ടിംഗ് 5 മിനിറ്റ്) കൊച്ചി തുറമുഖത്തിന്റെയും കായലിന്റെയും മനോഹര ദൃശ്യങ്ങള്‍ ആസ്വദിക്കാവുന്നതാണ് . ഷോപ്പിംഗ് കേന്ദ്രങ്ങള്‍ ,റെസ്റ്റോറന്റ്, കഫേകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, മഴവില്‍ പാലം, എന്നിവ ഇവിടെയുണ്ട്.
മട്ടഞ്ചേരി / ഡച്ച് കൊട്ടാരം: (ബോട്ടില്‍ 10 മിനിറ്റ്)1557 ല്‍ പോര്‍ത്ത്ഗീസുകാര്‍ നിര്‍മ്മിച്ച്, കൊച്ചി രാജാവായിരുന്ന വീര കേരള വര്‍മ്മക്ക് സമ്മാനിച്ച ഈ കൊട്ടാരം 1663 ല്‍ ഡച്ചുകാര്‍ മനോഹരമായി പുനര്‍ നിര്‍മ്മിച്ചു. രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും മനോഹരമായ ചുമര്‍ ചിത്രങ്ങള്‍ ഇവിടെയുണ്ട്. മഹാരാജാക്കന്മാരുടെ ത്രിമാന ചിത്രങ്ങള്‍, കിരീടധാരണ ചടങ്ങിലെ മേലങ്കികള്‍, ഡച്ച് കേരളത്തിന്റെ ഭൂപടം തുടങ്ങിയവ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
ജൂത പള്ളിയും, ജ്യൂ ടൗണും: (ബോട്ടില്‍ 10 മിനിറ്റ്) 1568 ല്‍ നിര്‍മ്മിച്ച ജൂതപള്ളി 1662 ല്‍ പോര്‍ത്ത്ഗീസുകാര്‍ തകര്‍ത്തുവെങ്കിലും രണ്ടുവര്‍ഷത്തിനുശേഷം ഡച്ചുകാര്‍ പുനര്‍ നിര്‍മ്മിച്ചു. കൊച്ചിയിലെ സുഗന്ധവ്യജ്ഞന വ്യാപാര സ്ഥാപനങ്ങള്‍ ഇതിനു ചുറ്റുമായി പ്രവര്‍ത്തിക്കുന്നു.
ദര്‍ബാര്‍ഹാള്‍ ഗാലറി: (റോഡ്മാര്‍ഗം 10 മിനിറ്റ്) പരീക്ഷിത്ത് തമ്പുരാന്‍ മ്യൂസിയം എന്നറിയപ്പെട്ടിരുന്ന ഈ കേന്ദ്രം, ഇപ്പോള്‍ ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് ഗാലറിയാണ്. പ്രമുഖരുടെ ചിത്ര പ്രദര്‍ശനത്തിനു വേദിയൊരുക്കുന്ന ഗാലറിയില്‍ പഴയ നാണയങ്ങളും ചുവര്‍ചിത്ര പകര്‍പ്പുകളും പ്രദര്‍ശനത്തിനുണ്ട്.
വില്ലിംഗ്ടൗണ്‍ ഐലന്റ് : (ബോട്ട് മാര്‍ഗം 10 മിനിറ്റ്) വേമ്പനാട് കായല്‍ നടുവില്‍ ബ്രട്ടീഷ് വൈസ്രോയി വില്ലിംഗ്ടൗണ്‍ പ്രഭുവിന്റെ പേരില്‍ മനുഷ്യ നിര്‍മ്മിതമായ ഈ ദ്വീപ് പ്രശസ്ത ഹോട്ടലുകളുടെയും വ്യാപാര കേന്ദ്രങ്ങളുടെയും ആസ്ഥാനമാണ്. കൊച്ചി തുറമുഖ ദക്ഷിണ നാവിക കേന്ദ്രം തുടങ്ങിയവയും ഇവിടെ പ്രവര്‍ത്തിക്കുന്നു.
ഫോര്‍ട്ട് കൊച്ചി: (ബോട്ട് മാര്‍ഗം 10 മിനിറ്റ്) വെള്ളക്കാര്‍ വികസിപ്പിച്ചെടുത്ത ആദ്യത്തെ ടൗണ്‍ഷിപ്പാണ് ഇന്നത്തെ ഫോര്‍ട്ട് കൊച്ചി. മീന്‍പിടിത്ത ഗ്രാമമായിരുന്ന കൊച്ചിയെ പാശ്ചാത്യര്‍ വാണിജ്യകേന്ദ്രമായി വളര്‍ത്തി. പോര്‍ത്തുഗീസുകാരും, ഡച്ചുകാരും, ബ്രട്ടീഷുകാരും പല കാലഘട്ടങ്ങളിലായി ഇവിടെ ആധിപത്യമുറപ്പിച്ചു. അതിന്റെ അവശേഷിപ്പുകള്‍ പലതും ഇന്നും നിലനില്‍ക്കുന്നു.
വാസ്‌കോഡിഗാമ ചത്വരം / ചീനവല: 1350-1450 കാലഘട്ടത്തില്‍ ഇവിടെയെത്തിയ ചീനക്കാരാണ് കായല്‍ത്തീരത്ത് ആദ്യമായി കൂറ്റന്‍ മത്സ്യബന്ധന വലകള്‍ സ്ഥാപിച്ചത്. തേക്കുതടികളും, മുളകളും ചേര്‍ത്ത് നിര്‍മ്മിക്കുന്ന ചീനവലകള്‍ കൊച്ചി കായലിലെ പ്രധാന ആകര്‍ഷണമാണ്. വാസ്‌കോഡിഗാമ ചത്വര പരിസരത്തെ വീഥികളില്‍ ഈ വലകളില്‍ നിന്നും പിടിക്കുന്ന മത്സ്യങ്ങളെ വിഭവങ്ങളാക്കി വില്‍ക്കുന്നു.
പിയേഴ്‌സ് ലെസ്ലി ബംഗ്ലാവ്: 1862 ല്‍ കാലികച്ചവടക്കാരായിരുന്ന പിയേഴ്‌സ് ലെസ്ലി കമ്പനി നിര്‍മ്മിച്ച ആകര്‍ഷക ബംഗ്ലാവ് കൊച്ചി കായല്‍ തീരത്ത് ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു. പോര്‍ത്തുഗീസ്, ഡച്ച്, കേരളീയ വാസ്തുകലകളുടെ മേളനമാണ് ഈ ബെഗ്ലാവ്. കമാന വാതിലുകളും, തടിയില്‍ തീര്‍ത്ത മേല്‍ത്തട്ടും, കായല്‍ തീരത്തെ വരാന്തകളും പ്രത്യേകതകളാണ്.
പഴയ തുറമുഖ മന്ദിരം: 1808 ല്‍ നിര്‍മ്മിച്ച ആദ്യ തുറമുഖ മന്ദിരം ഇപ്പോള്‍ തേയില വ്യാപാരികളായ കാരിറ്റ് മോറന്‍ കമ്പനിയുടെ ബംഗ്ലാവാണ്.
കോഡര്‍ ഹൗസ്: കൊച്ചിന്‍ ഇലക്ട്രിക് കമ്പനിയുടെ ഉടമയായിരുന്ന സാമുവല്‍ കോഡര്‍ 1808 ല്‍ നിര്‍മ്മിച്ച മന്ദിരം. വാതില്‍ വരാന്തയിലെ ഇരിപ്പിടങ്ങളും, ചതുരംഗ ബോര്‍ഡു രൂപത്തിലെ തറയോടുകളും, വുഡ് പാനലുകളും, കൊത്തു പണികള്‍ നിറഞ്ഞ വാതിലുകളും, ചുവന്ന മുഖപ്പുകളും, ഒക്കെയായി ഇന്തോ-യൂറോപ്യന്‍ വാസ്തുകലയുടെ മാതൃകയായി ഈ കെട്ടിടം ഇന്നും നിലകൊള്ളുന്നു.
സാന്താക്രൂസ് ബസലിക്ക: പോര്‍ത്തുഗീസുകാര്‍ നിര്‍മ്മിച്ച ഈ ദേവാലയം 1558 ല്‍ പോപ്പ് പോള്‍ നാലാമന്‍, കത്തിഡ്രല്‍ ദേവാലയമായി ഉയര്‍ത്തി. 1795 ല്‍ കൊച്ചിയുടെ നിയന്ത്രണം പിടിച്ചെടുത്ത ബ്രട്ടീഷുകാര്‍ ഈ ദേവാലയം തകര്‍ത്തു. 1887 ല്‍ ഡോം ഗോമസ് ഫരേര എന്ന് മെത്രാന്‍ ദേവാലയം പുനര്‍ നിര്‍മ്മിച്ചു. 1984 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇത് ബസലിക്കയായി ഉയര്‍ത്തി.
ഷോഫേഴ്‌സ് കോര്‍ണര്‍/പ്രിന്‍സസ് സ്ട്രീറ്റ്: : ഫോര്‍ട്ട് കൊച്ചിയിലെ ഈ പുരാതന പ്രിന്‍സസ് സ്ട്രീറ്റില്‍ യൂറോപ്യന്‍ മാതൃകയായിട്ടുള്ള നിരവധി മന്ദിരങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു.
വാസ്‌ക്കോ ഹൗസ്: വാസ്‌കോഡിഗാമയുടെ താമസ സ്ഥലമെന്ന് കരുതുന്ന ഈ ഭവനം, ഫോര്‍ട്ട് കൊച്ചിയിലെ പോര്‍ത്തുഗീസ് സ്മാരകമായി നിലനില്‍ക്കുന്നു. ഗ്ലാസ് ജനലുകളും വരാന്തയുമായി ചേര്‍ന്ന ബാല്‍ക്കണിയും 16-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ ബെഗ്ലാവിന്റെ പ്രത്യേകതയാണ്.
വി.ഒ.സി. ഗേറ്റ്: 1740 ല്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി , തങ്ങളുടെ കമ്പനി മുദ്ര (വിഒസി) ആലേഖനം ചെയ്ത് തടിയില്‍ നിര്‍മ്മിച്ച ഈ പടിവാതില്‍ പരേഡ് ഗ്രൗണ്ടിന് അഭിമുഖമായി ഇന്നും നിലനില്‍ക്കുന്നു.
പരേഡ് ഗ്രൗണ്ട്: പോര്‍ത്തുഗീസ്, ഡച്ച്, ബ്രട്ടീഷ്,പടയാളികള്‍ ഓരോ കാലഘട്ടങ്ങളില്‍ നിത്യ പരിശീലനം നടത്തിയ സ്ഥലമാണ് ഫോര്‍ട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ട്. ചുറ്റുമുള്ള കെട്ടിടങ്ങള്‍ വിദേശ സൈനികരുടെ താവളങ്ങളായിരുന്നു.
യുണൈറ്റഡ് ക്ലെബ്:കൊച്ചിയിലെ ബ്രട്ടീഷുകാരുടെ ആഡംബര ക്ലെബായിരുന്നു ഈ സ്ഥലം. പകല്‍ സെന്റ് ഫ്രാന്‍സിസ് സ്‌ക്കൂളിന്റെ ക്ലാസ്സ് മുറിയായും വൈകുന്നേരം ചീട്ടുകളി ക്ലെബായും പ്രവര്‍ത്തിക്കുന്നു.
ബിഷപ്പ് ഹൗസ്: കൊച്ചി രൂപതയുടെ മെത്രാന്റെ ആസ്ഥാനമായ ഈ മന്ദിരം 1506 ല്‍ പോര്‍ത്തുഗീസ് ഗവര്‍ണറുടെ ഔദ്യോഗിക മന്ദിരമായി നിര്‍മ്മിച്ചു. വലിയ കവാടങ്ങളും, ചുറ്റും പൂന്തോട്ടങ്ങളും ഉള്ള ഈ കെട്ടിടം കൊച്ചി രൂപതയുടെ 27-ാം മൈത്രാനായിരുന്ന ഡോ. ജോസ് ഗോമസ് ഫെരേര, തന്റെ ഔദ്യോഗിക മന്ദിരമാക്കി. അന്നു മുഴുവന്‍ ഭാരതത്തിനു പുറമേ ബര്‍മ്മ, മലയ, സിലോണ്‍ എന്നീ രാജ്യങ്ങളിലെ കത്തോലിക്കരും കൊച്ചി രൂപതയുടെ കീഴിലായിരുന്നു. ബിഷപ്പ് ഹൗസിനോട് ചേര്‍ന്ന് ഇന്തോ-പോര്‍ത്തുഗീസ് മ്യൂസിയം പ്രവര്‍ത്തിക്കുന്നു. കൊച്ചി രൂപതയിലെ പള്ളിയില്‍ നിന്ന് ശേഖരിച്ച നിരവധി പുരാവസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
ഇമ്മാനുവല്‍ ഫോര്‍ട്ട്:1503 ല്‍ നിര്‍മ്മിച്ച ഈ കോട്ട, പോര്‍ത്തുഗല്‍ രാജാവും, കൊച്ചി രാജാവും തമ്മിലുണ്ടായിരുന്ന ഉടമ്പടിയുടെ പ്രതീകമായി നിലകൊള്ളുന്നു. 1538 ല്‍ പുതുക്കി പണിത കോട്ട, 1806 ല്‍ ശക്തിപ്പെടുത്തിയെങ്കിലും, പിന്നീട് ബ്രട്ടീഷുകാര്‍ കോട്ടയുടെ പുറംകെട്ടുകള്‍ തകര്‍ത്തു. എന്നാല്‍ കോട്ടയുടെ ബാക്കി ശേഷിപ്പുകള്‍ ഇന്നും തീരത്തുണ്ട്.
ഡച്ച് സെമിത്തേരി : ഈ നാടിന്റെ ചരിത്രം മാറ്റി എഴുതിയ നൂറു കണക്കിനു വെള്ള പട്ടാളക്കാരുടെ ശവകുടീരങ്ങള്‍ ഇവിടെ കാണാം. 1724 ല്‍ നിര്‍മ്മിച്ച സെമിത്തേരിയുടെ നിയന്ത്രണം ഇപ്പോള്‍ സി.എസ്.ഐ. സഭക്കാണ്.
താക്കൂര്‍ ഹൗസ്: കോളനിക്കാലത്തെ മറ്റൊരു നിര്‍മ്മിതി. പഴയ ഡച്ച് കോട്ടയുടെ ഏഴ് കൊത്തളങ്ങളില്‍ ഒന്ന് നിന്ന സ്ഥാനത്താണ് ഈ കെട്ടിടം നിര്‍മ്മിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് നാഷനല്‍ ബാങ്കിന്റെ മാനേജര്‍മാര്‍ താമസിച്ചിരുന്നത് ഇവിടെയാണ്.
ഡേവിഡ് ഹാള്‍: 1695 ല്‍ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി നിര്‍മ്മിച്ച ഈ മന്ദിരം, ജൂത വ്യാപാരിയായ ഡേവിഡ് കോഡറുടെ വസതിയായി മാറി. കേരളത്തിലെ സസ്യജാലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങുന്ന ഹോര്‍ത്തൂസ് മലബാറിക്കസിലെ വിവരങ്ങള്‍ സംഗ്രഹിച്ച ഡച്ച് കമാന്‍ഡറായ ഹെന്‍ഡ്രിക്ക് അഡ്രിയാന്‍ വാന്‍ റീഡ് ടോട്ട് ഡ്രാക്കെസ്റ്റര്‍ ആണ് ഇവിടെ താമസിച്ചിരുന്നത്.
കൊച്ചിന്‍ ക്ലബ്ബ് : ഇംഗ്ലീഷുകാര്‍ക്ക് മാത്രമായി 1900 ത്തിന്റെ തുടക്കത്തില്‍ നിര്‍മ്മിച്ച ക്ലബ്ബാണ്. ക്ലബിനോട് ചേര്‍ന്ന് ലൈബ്രറിയും പ്രവര്‍ത്തിക്കുന്നു.
സെന്റ് ഫ്രാന്‍സീസ് ചര്‍ച്ച്: പോര്‍ത്തുഗവില്‍ നിന്നുള്ള ഫ്രാസിസ്‌കന്‍ വൈദികര്‍ 1503 ല്‍ നിര്‍മ്മിച്ച ദേവാലയമാണിത്. ആദ്യം തടിയിലും, പിന്നീട് കല്ലിലും നിര്‍മ്മിച്ച ഈ ആരാധനാലയം, ഇന്ത്യയിലെ ആദ്യത്തെ കൃസ്ത്യന്‍ ദേവാലയങ്ങളില്‍ ഒന്നാണ്. 1524 ല്‍ വാസ്‌കോഡിഗാമയുടെ മൃതദേഹം ഈ പള്ളിയില്‍ സംസ്‌കരിച്ചുവെങ്കിലും പിന്നീട് അവശിഷ്ടങ്ങള്‍ ലിസ്ബണിലേക്ക് മാറ്റി. ശവക്കല്ലറ ഇപ്പോള്‍ പള്ളിയില്‍ കാണാം.
ബാസ്റ്റ്യന്‍ ബംഗ്ലാവ്: 1667 ല്‍ ഇന്തോ-യൂറോപ്യന്‍ ശൈലിയിലാണ് ബംഗ്ലാവ് നിര്‍മ്മിച്ചത്. ഡച്ച് കോട്ടയിലെ ബാസ്റ്റണ്‍ കൊത്തളത്തിന്റെ പേരിലാണ് ഈ ബംഗ്ലാവ് അറിയപ്പെടുന്നത്. ബംഗ്ലാവിന്റെ താഴെഭാഗത്ത് പല രഹസ്യ തുരങ്കങ്ങളും ഉള്ളതായി കരുതുന്നു.
ഇടപ്പള്ളി കേരള ചരിത്ര മ്യൂസിയം: (റോഡ് മാര്‍ഗ്ഗം 30 മിനിട്ട്) ഈ ചരിത്ര മ്യൂസിയത്തില്‍ പൗരാണിക കാലം മുതലുള്ള നിരവധി ചരിത്ര മാതൃകകള്‍ സൂക്ഷിച്ചിരിക്കുന്നു. 200 ഓളം ചിത്രങ്ങളും ശില്പങ്ങളും അടങ്ങുന്ന ഒരു ഗാലറിയും ഇവിടെ പ്രവര്‍ത്തിക്കുന്നു. വിഷ്വല്‍ ആര്‍ട്ട്‌സ് കേന്ദ്രത്തില്‍ ലോകപ്രശസ്ത കലാകാരന്മാരുടെ സൃഷ്ടികളുടെ പകര്‍പ്പുകളും, ചുവര്‍ചിത്രങ്ങളും സൂക്ഷിച്ചിരിക്കുന്നു.
കുമ്പളങ്ങി ഗ്രാമം: (റോഡ് മാര്‍ഗ്ഗം 45 മിനിട്ട്) കൊച്ചി കായല്‍ തീരത്തെ മത്സ്യതൊഴിലാളി കേന്ദ്രമായ കുമ്പളങ്ങി, ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം ഗ്രാമമാണ്. ചൂണ്ടയിടല്‍, വിനോദ സഞ്ചാരികളുടെ പ്രധാന വിനോദമാണ്. മത്സ്യബന്ധന ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കലാഗ്രാമവും ഇവിടെ പ്രവര്‍ത്തിക്കുന്നു. കണ്ടല്‍ വനങ്ങളും പരിപാലിക്കപ്പെടുന്നു.
തൃപ്പുണിത്തുറ ഹില്‍ പാലസ് മ്യൂസിയം: (റോഡ് മാര്‍ഗ്ഗം 30 മിനിട്ട്) കൊച്ചി രാജാകുടുംബത്തിന്റെ ഔദ്യാഗിക വസതിയായിരുന്ന ഈ മന്ദിരം 1865 ല്‍ നിര്‍മ്മിച്ചു. 52 ഏക്കര്‍ വളപ്പിലായി പരന്നു കിടക്കുന്ന ഈ സമുച്ചയത്തില്‍ കേരള വാസ്തു ശില്പ മാതൃകയില്‍ നിര്‍മ്മിച്ച 49 കെട്ടിടങ്ങള്‍ ഉണ്ട്. പൂര്‍ണ സജ്ജമായ പുരാവസ്തു മ്യൂസിയവും, ഹെറിറ്റേജ് മ്യൂസിയവും ഇവിടെ പ്രവര്‍ത്തിക്കുന്നു. 13 ഗാലറികളില്‍ എണ്ണഛായാ ചിത്രങ്ങള്‍, ശില്പങ്ങള്‍, പുരാതന ചുവര്‍ ചിത്രങ്ങള്‍ എന്നിവയും ഇവിടെ പ്രദര്‍ശനത്തിലുണ്ട്. പുരാതന സംഗീതോപകരണങ്ങള്‍, 14, 15, 16 നൂറ്റാണ്ടുകളിലെ ശില്പങ്ങള്‍, നാണയങ്ങള്‍ തുടങ്ങിയവും ഇവിടെ കാണാം.
എറണാകുളം ശിവക്ഷേത്രം : (റോഡ് മാര്‍ഗ്ഗം 10 മിനിട്ട) നഗരത്തിന്റെ നാമവുമായി ബന്ധപ്പെട്ട് കിടക്കുന്ന എറണാകുളത്തപ്പന്‍ എന്ന പേരിലാണ് പുരാതന ശിവക്ഷേത്രം അറിയപ്പെടുന്നത്. ക്ഷേത്രത്തിലെ ശിവ-പാര്‍വ്വതി പ്രതിഷ്ഠകള്‍ സ്വയംഭൂ ആണെന്ന് വിശ്വസിക്കപ്പെടുന്നു.
ചെറായി ബീച്ച് : (റോഡ് മാര്‍ഗ്ഗം 45 മിനിട്ട്) നീന്തലിന് ഏറ്റവും യോജ്യമായി വൈപ്പിന്‍ ദ്വീപിലെ ശാന്തമായ കടല്‍ തീരം. ഡോള്‍ഫിനുകളുടെ വിഹാര കേന്ദ്രമാണ്. തീരത്തോട് ചേര്‍ന്ന നെല്‍പ്പാടങ്ങളും തെങ്ങിന്‍ തോപ്പുകളും മനോഹര കാഴ്ചയാണ്.