വാട്ടര്‍ സ്‌കേപ്പ്‌സ്

വിഭാഗം: പ്രീമിയം കായല്‍തീര റിസോര്‍ട്ട്
ആകര്‍ഷണങ്ങള്‍

വേമ്പനാട് കായല്‍, കുമരകം : തോടുകളും, പുഴകളും, കായലും ഒത്തുചേരുന്ന കുമരകം, വിനോദ സഞ്ചാരികള്‍ക്ക് വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ ഒരുക്കുന്നു. കേരളത്തിന്റെ കായല്‍ ടൂറിസത്തിന്റെ ഭൂപടത്തില്‍ കുമരകത്തിന് അതുല്യ സ്ഥാനമാണുള്ളത്. മൂന്നു ജില്ലകളിലായി 110 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന വേമ്പനാട് കായലിന്റെ ഏറ്റവും വീതിയേറിയ ഭാഗം ഇവിടെയാണ്.

കുമരകം പക്ഷി സങ്കേതം: വേമ്പനാട് തടാകത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പക്ഷിശാസ്ത്രജ്ഞരുടെ പറുദീസയായ കുമരകം പക്ഷിസങ്കേതം ദേശാടന പക്ഷികളുടെ പ്രിയപ്പെട്ട വിഹാരകേന്ദ്രമാണ്. ജൂൺ മുതൽ ഓഗസ്റ്റ് വരെയാണ് സൈബീരിയൻ സ്റ്റോർക്ക്, കോർമോറന്റുകൾ, വൈറ്റ് ഐബിസ്, എഗ്രെറ്റ്, ഡാർട്ടർ, ഹെറോൺ, ടീൽ തുടങ്ങിയ സ്ഥിരമായ തണ്ണീർത്തട പക്ഷികളുടെ പ്രജനനകാലം. നവംബർ മുതൽ മെയ് വരെ, പിൻടെയിൽഡ് താറാവ്, ഗാർഗനി ടീൽ, സ്പോട്ട് ബിൽഡ് താറാവ്, ഓസ്പ്രേ, മാർഷ് ഹാരിയർ, സ്റ്റെപ്പി ഈഗിൾ തുടങ്ങിയ ദേശാടന പക്ഷികളെ ഇവിടെ കാണാൻ കഴിയും. വാട്ടർസ്കേപ്സിന്റെ പരിസരത്താണ് ഈ പക്ഷിസങ്കേതം, രാവിലെ 6 മുതൽ വൈകുന്നേരം 5 വരെ സന്ദർശിക്കാം.

താഴത്തങ്ങാടി: മീനച്ചില്‍ ആറിന്റെ തീരത്തുള്ള ഈ പ്രദേശം പഴയ വ്യാപാര കേന്ദ്രമാണ്. പ്രൗഢമായ ഇന്നലെകളുടെ സ്മൃതികള്‍ ഉണര്‍ത്തുന്ന നിരവധി കെട്ടിടങ്ങള്‍ ഇവിടെ ഇന്നു നിലനില്‍ക്കുന്നു.

വാട്ടര്‍ സ്‌കേപ്‌സിലെ തോണിയാത്ര: റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള തോടുകളിലൂടെ ചെറു തോണികളിലുള്ള യാത്രയില്‍ ഗ്രാമഭംഗി ആസ്വദിക്കാം.

തടി മ്യൂസിയം: റിസോര്‍ട്ടിനു സമീപത്തായി പല വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റ് പല കേന്ദ്രങ്ങളും ഉണ്ട്. ചരിത്ര സ്മാരകമായ ബേക്കേഴ്‌സ് ബംഗ്ലാവ്, കുമരകം പക്ഷി സങ്കേതം, തടി മ്യൂസിയം തുടങ്ങിയവ ഇതില്‍ പെടുന്നു.

പാതിരാ മണല്‍: വേമ്പനാട് കായലിലെ ചെറുദ്വീപായ പാതിരാ മണല്‍ നൂറുകണക്കിനു പക്ഷികളുടെ സങ്കേതമാണ്. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിവിധയിനം പക്ഷികള്‍ ഇവിടെ ചേക്കേറുന്നു.