സമുദ്ര

വിഭാഗം: ആഢംബര കടല്‍തീര റിസോര്‍ട്ട്
ആകര്‍ഷണങ്ങള്‍
ഏ. നഗരത്തിനുള്ളിലും, തൊട്ടുചേര്‍ന്നുള്ള ആകര്‍ഷക കേന്ദ്രങ്ങള്‍.

സമുദ്ര ബീച്ച്: സമുദ്ര ഹോട്ടലിന് അതിരിടുന്ന കടല്‍ തീരം. നിശബ്ദവും, ശാന്തവുമായ തീരക്കാഴ്ച ഒരുക്കുന്നു.

കോവളം: സംസ്ഥാന തലസ്ഥാനത്തുനിന്ന് വാഹനത്തില്‍ വേഗം എത്താവുന്ന അന്താരാഷ്ട്ര പ്രശസ്തമായ കടല്‍തീര വിനോദസഞ്ചാര കേന്ദ്രം. ചന്ദ്രക്കല പോലെ ചേര്‍ന്നു കിടക്കുന്ന മൂന്നു ഉല്‍ക്കടല്‍ തീരങ്ങള്‍. സ്വര്‍ണമണലില്‍ കിലോമീറ്ററോളം മിന്നി തിളങ്ങുന്ന കടല്‍തീരം. കുത്തനെയുള്ള പാറകള്‍ വേര്‍തിരിക്കുന്ന ഉള്‍ക്കടലിന്, കേരവൃക്ഷങ്ങള്‍ അതിര്‍ തിരിക്കുന്നു. ഉത്തേജകങ്ങളായ കടല്‍പരപ്പുകള്‍, സൂര്യശോഭയില്‍ മനസില്‍ സംഭ്രമകരമായ അനുഭൂതികള്‍ സൃഷ്ടിക്കുന്നു. ഇന്നലെകളിലെ കോവളം ഗ്രാമം, ഇന്ന് ആധുനിക തീരവിനോദ കേന്ദ്രത്തിന്റെ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നു.

കോവളം ബീച്ച്: ചെറു കുന്നുകള്‍ക്കും കടലിനുമിടയിലുള്ള സമുദ്രതീരം പൂര്‍ണമായും കേരവൃക്ഷത്തണലിലാണ്. പാറക്കെട്ടുകള്‍ വേര്‍തിരിക്കുന്ന മൂന്ന് ഉള്‍ക്കടലുകളില്‍ തെക്കേ അറ്റത്തുള്ള തീരം, ലൈറ്റ് ഹൗസ് ബീച്ച്. പുരാതനമായ വിഴിഞ്ഞം ലൈറ്റ് ഹൗസാണ് തീരത്തിന് ഈ പേര് സമ്മാനിച്ചത്. ഹൗവ്വ ബീച്ചിനേയും, ലൈറ്റ് ഹൗസ് ബീച്ചിനേയും വേര്‍തിരിക്കുന്ന പാറക്കെട്ടിനെ ഇടക്കല്ല് എന്നു വിളിക്കുന്നു. ഹൗവ്വ ബീച്ചിന്റെയും കോവളം ബീച്ചിന്റെയും നടുവിലുള്ള കുന്നില്‍ സര്‍ക്കാര്‍ ഗ്‌സ്റ്റ് ഹൗസും, 'ഹാല്‍സിയോണ്‍' കൊട്ടാരവും സ്ഥിതിചെയ്യുന്നു.

ലൈറ്റ് ഹൗസ്: കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന കേരനിബിഢമായ കുറുങ്കല്‍ മലയിലാണ് 35 മീറ്റര്‍ ഉയരമുള്ള ലൈറ്റ് ഹൗസ് നില്‍ക്കുന്നത്. സന്ദര്‍ശകര്‍ക്ക് സര്‍പ്പാകൃതിയില്‍ ചുറ്റിക്കറങ്ങുന്ന ഏണിപ്പടികളിലൂടെ ലൈറ്റ് ഹൗസിന്റെ മുകളിലെത്തി കടലിന്റെയും പരിസരപ്രദേശങ്ങളുടെയും പ്രൗഢസൗന്ദര്യം ആസ്വദിക്കാം.

തിരുവല്ലം: കോവളത്തേക്കുള്ള മാര്‍ഗമദ്ധ്യേയുള്ള സുന്ദര ജലാശയം. ചെറു തോണികളിലും, കെട്ടുവള്ളങ്ങളിലും ഇവിയെ യാത്രകള്‍ നടത്താം. കയാക്കിംഗ് സൗകര്യവും ഉണ്ട്. അടുത്തുള്ള ദ്വീപുകളിലെ കയര്‍ ഉല്പാദന കേന്ദ്രങ്ങള്‍ വള്ളത്തില്‍ സന്ദര്‍ശിക്കാം.

പരശുരാമ ക്ഷേത്രം: കരമന ആറിന്റെ തീരത്തുള്ള തിരുവല്ലം പരശുരാമക്ഷേത്രത്തിന് 2000 വര്‍ഷത്തെ പഴക്കമുണ്ട്. കേരളത്തിന്റെ സൃഷ്ടാവായി പുരാണങ്ങള്‍ ഉദ്‌ഘോഷിക്കുന്ന പരശുരാമന്റെ നാമത്തില്‍ കേരളത്തിലുള്ള ഏക ക്ഷേത്രമാണിത്. പിതൃക്കള്‍ക്ക് ഇവിടെ ബലിതര്‍പ്പണങ്ങള്‍ നടത്തുന്നു.

വിഴിഞ്ഞം: കോവളത്തിന് രണ്ടു കിലോമീറ്റര്‍ തെക്കുഭാഗത്തുള്ള മത്സ്യബന്ധന ഗ്രാമമാണ് വിഴിഞ്ഞം. സ്വാഭാവിക തുറമുഖവും, മത്സ്യബന്ധന തുറമുഖവും ഇവിടെയുണ്ട്.

വിഴിഞ്ഞം ഗുഹാ ക്ഷേത്രം: വിഴിഞ്ഞത്തെ പാറക്കെട്ടുകളിലെ ഗുഹാക്ഷേത്രത്തില്‍ 18-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ദക്ഷിണാമൂര്‍ത്തിയുടെയും വിനന്‍ധാരയുടെ വിഗ്രഹങ്ങള്‍ ഉണ്ട്. ഗുഹയുടെ പുറംപാളികളില്‍ ശിവപാര്‍വ്വതിമാരുടെ പൂര്‍ത്തിയാകാത്ത ശില്പങ്ങളും കാണാം.

വിഴിഞ്ഞം മറൈന്‍ അക്വേറിയം: സമുദ്ര സമ്പത്തിന്റെ സമ്പന്നമായ ഒരു കേന്ദ്രവും, പവിഴ നിര്‍മ്മാണശാലയും, തിയേറ്റര്‍ ജംഗ്ഷനിലെ അക്വേറിയത്തിലുണ്ട്. ഏത് ആകൃതിയിലുള്ള മുത്തുകളും, പവിഴങ്ങളും ഇവിടെ നിര്‍മ്മിക്കാനാവും.

വലിയതുറ: ശംഖുമുഖത്തിനടുത്തുള്ള വലിയതുറ തെക്കന്‍ കേരളത്തിലെ ഏക തുറമുഖമായിരുന്നു. കാലവര്‍ഷ സമയത്ത് ഇവിടെയുള്ള 703 മീറ്റര്‍ നീളമുള്ള കടല്‍പ്പാലത്തില്‍ നിന്ന് മത്സ്യതൊഴിലുളികള്‍ കട്ടമരങ്ങളുമായി പ്രക്ഷുബ്ദമായ കടലിലേക്ക് കുതിക്കുന്ന കാഴ്ച ആരെയും സ്തംബ്ദരാക്കും.

ബീമാപള്ളി: ആഴത്തിലുള്ള ആത്മീയ ശക്തിയുള്ളതായി വിശ്വസിക്കപ്പെടുന്ന ബീമാ ഉമ്മയുടെ പ്രധാന ആരാധനാലയമാണ് ബീമാപള്ളി ദര്‍ഗാ ഷെരീഫ്. ഇവിടെ 10 ദിവസം നീണ്ടുനില്‍ക്കുന്ന പ്രസിദ്ധമായ ചന്ദനക്കുട മഹേത്സവം ആഘോഷിക്കുന്നു.

ശംഖുമുഖം ബീച്ച്: സൂര്യാസ്തമയം ആസ്വദിക്കാന്‍ നിരവധി യാത്രികര്‍ എത്തുന്ന സ്ഥലമാണ് ശംഖുമുഖം. ഇന്‍ഡോര്‍ റിക്രിയേഷന്‍ ക്ലബ്ബ്, 35 മീറ്റര്‍ നീളമുള്ള മത്സ്യകന്യകയുടെ ശില്പം, നക്ഷത്ര മത്സ്യത്തിന്റെ ആകൃതിയിലുള്ള ഭക്ഷണശാല തുടങ്ങിയവ ഇവിടെയുണ്ട്. കുട്ടികളെ ഗതാഗത നിയമങ്ങള്‍ പരിശീലിപ്പിക്കുന്ന ചാച്ചാനെഹ്രു ട്രാഫിക് പാര്‍ക്കും ശംഖുമുഖത്താണ്.

വേളി വിനോദസഞ്ചാര കേന്ദ്രം: വേളി കായല്‍ അറബിക്കടലുമായി ചേരുന്ന ഈ മനോഹര തീരം പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. ബോട്ട്, പെഡല്‍ബോട്ട് സൗകര്യങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്പീഡ് ബോട്ടുകളും വാടകക്ക് ലഭിക്കും. കുട്ടികളുടെ വിനോദത്തിനായ കൂറ്റന്‍ ശില്പങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ആക്കുളം വിനോദസഞ്ചാര കേന്ദ്രം: ആക്കുളത്തും വിനോദയാത്രികര്‍ക്കുവേണ്ടി ബോട്ട് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു. കുട്ടികള്‍ക്കു വേണ്ടി വിപുലമായ വിനോദ കേന്ദ്രവും ഉണ്ട്. പുറമേ മുതിര്‍ന്നവര്‍ക്കുവേണ്ടി നീന്തല്‍ സൗകര്യവും.

പത്മനാഭസ്വാമി ക്ഷേത്രം: കിഴക്കേകോട്ടയിലെ ഈ പ്രസിദ്ധ മഹാവിഷ്ണു ക്ഷേത്രം, കേരള-ദ്രാവിഡ വാസ്തുവിദ്യകളുടെ മേളന വേദിയാണ്. ഭാരതത്തിലെ 108 വിഷ്ണു ആലയങ്ങളില്‍ ഒന്നായ ഇവിടെ, അനന്തന്റെ മുകളില്‍ ശയിക്കുന്ന ദേവനായിട്ടാണ് വിഷ്ണുവിനെ പ്രതിഷ്ഠിച്ചിട്ടുള്ളത്. കടുശര്‍ക്കരയില്‍ നിര്‍മ്മിച്ച വിഗ്രഹത്തില്‍ സ്വര്‍ണ്ണം പൊതിഞ്ഞിരിക്കുന്നു. ക്ഷേത്രത്തിലെ ദാരുശില്പങ്ങളും, ചുവര്‍ ചിത്രങ്ങളും പ്രസിദ്ധമാണ്. ഹുന്ദുമത വിശ്വാസികള്‍ക്കുമാത്രമേ ഇവിടെ പ്രവേശനമുള്ളൂ. പുരുഷന്മാര്‍ക്ക് മുണ്ടും, സ്ത്രീകള്‍ക്ക് സാരിയും, ഫുള്‍ സ്‌കര്‍ട്ടും, ബ്ലൗസും ധരിച്ചു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.

മേഷന്‍ മണി: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കുവശത്ത് 1833 ല്‍ സ്വീതിതിരുനാള്‍ മഹാരാജാവ് സ്ഥാപിച്ച മേഷന്‍ മണി എന്നറിയപ്പെടുന്ന ക്ലോക്ക് കാണാം. ഓരോ മണിക്കൂറിലും, ക്ലോക്കിലെ പുരുഷന്‍ വായ തുറക്കുന്നു, അപ്പോള്‍ ഇരുവശത്തുമുള്ള ആടുകള്‍ കവിളില്‍ ഇടിക്കുന്ന തരത്തിലാണ് ഇതിന്റെ രൂപകല്പന. മഹാഗണിയില്‍, കുളത്തൂരാന്‍ എന്ന ശില്പിയാണ് ഇത് നിര്‍മ്മിച്ചത്.

കുതിരമാളിക (പുത്തന്‍ മാളിക) കൊട്ടാരം മ്യൂസിയം: തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന സ്വാതി തിരുനാളാണ് ഈ മ്യൂസിയത്തിന്റെ നിര്‍മ്മാതാവ്. അദ്ദേഹം പ്രശസ്ത കവിയും, സംഗീതജ്ഞനും, സാമൂഹ്യ പരിഷ്‌കര്‍ത്താവും, രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു. തിരുവിതാംകൂര്‍ വാസ്തുശില്പ വിദ്യയുടെ മകുടോദാഹരണമാണ്, മരത്തില്‍ കൊത്തിയെടുത്ത ഈ കൊട്ടാരം. രാജകുടുംബാംഗങ്ങളുടെ അമൂല്യ വസ്തുക്കളും, ചിത്രരചനകളും പത്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുള്ള ഈ കേന്ദ്രത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

സി.വി.എന്‍. കളരി: കളരി കേന്ദ്രങ്ങളില്‍ ഏറ്റവും പ്രശസ്തമായ ഈ കേന്ദ്രത്തില്‍ കളരിപ്പയറ്റ് പഠന കേന്ദ്രവും, ആയുര്‍വേദ ചികിത്സാ കേന്ദ്രവും പ്രവര്‍ത്തിക്കുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിന് അടുത്തുതന്നെയാണ് കളരി.

മഹാത്മാ അയ്യന്‍കാളി ഹാള്‍ (വി.ജെ.ടി. ഹാള്‍) : ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ സ്ഥാനാരോഹണത്തിന്റെ സുവര്‍ണ്ണ ജൂബിലി സ്മാരകമായി 1896 ല്‍ നിര്‍മ്മിച്ച വി.ജെ.ടി. ഹാള്‍ ഇപ്പോള്‍ മഹാത്മാ അയ്യന്‍കാളി ഹാള്‍ എന്നറിയപ്പെടുന്നു. 1896 ജനുവരി 25 ന് തിരുവിതാംകൂര്‍ മഹാരാാവ് ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മയാണ് ഹാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച, കോളനിവാഴ്ചയുടെ സ്മരണ ഉയര്‍ത്തി ഒരു നൂറ്റാണ്ടിലേറെക്കാലം തിരുവനന്തപുരം നഗരഹൃദയത്തില്‍ നിലയുറപ്പിച്ച ഹാള്‍, 2019 ല്‍ കേരളത്തിന്റെ നവോത്ഥാന നായകരില്‍ പ്രമുഖനായ മഹാത്മാ അയ്യന്‍കാളിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യപ്പെട്ടു.

പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ : കത്തോലിക്കാ മതവിശ്വാസികളുടെ പ്രധാന ആരാധനാലയമായ ഈ ദേവാലയത്തിന് 125 വര്‍ഷത്തെ പഴക്കമുണ്ട്. തിരുവനന്തപുരം നഗരത്തിന്റെ ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ് ഈ ദേവാലയം.

നിയമസഭാ മന്ദിരം: പാളയത്തെ കേരള നിയമസഭാമന്ദിരം, പാരമ്പര്യ, ആധുനിക വാസ്തുവിദ്യകളുടെ സുന്ദര മേളനമാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച് വെളിച്ചം പകരുന്ന നിയമസഭാമ്യൂസിയവും ഇവിടെ പ്രവര്‍ത്തിക്കുന്നു.

ശാസ്ത്രസാങ്കേതിക മ്യൂസിയം സമുച്ചയം: വൈദ്യുതി, ഇലക്ട്രോണിക്‌സ്, മെക്കാനിക്‌സ്, ജനകീയ ശാസ്ത്രം, ഗണിതം, സൗരോര്‍ജ്ജം, വാഹനങ്ങള്‍, കമ്പ്യൂട്ടര്‍, ബയോ മെഡിക്കല്‍ എഞ്ചിനിയറിംഗ് എന്നീ വിഭാഗങ്ങളുടെ പ്രദര്‍ശന വേദികള്‍ ഈ സമുച്ചയത്തില്‍ ഒരുക്കിയിട്ടുണ്ട്.

പ്രിയദര്‍ശിനി നക്ഷത്ര ബംഗ്ലാവ്: 1994 ല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത നക്ഷത്ര ബംഗ്ലാവ്, രാജ്യത്തെ മുന്‍നിര നക്ഷത്ര നിരീക്ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ്. ദൃശ്യ പ്രപഞ്ചത്തിന്റെ ഏതൊരു കോണും സൂഷ്മ നിരീക്ഷമത്തിനു വിധേയമാക്കാനുള്ള സാങ്കേതിക സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. നക്ഷത്ര സമൂഹങ്ങളെ കൃത്യമായി നിരീക്ഷിക്കാനും കഴിയും.

നേപ്പിയര്‍ മ്യൂസിയം : തിരുവനന്തപുരം നഗരത്തില്‍ 19-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ പുരാവസ്തു കേന്ദ്രത്തില്‍ ധാരാളം പൗരാണിക വസ്തുക്കളും, വെങ്കല പ്രതിമകളും, ആഭരണങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. സ്വാഭാവിക ശീതീകരണ സംവിധാനമുള്ള ഇവിടെ പുരാതന കാലത്തെ തേക്ക്, ആനക്കൊമ്പില്‍ തീര്‍ത്ത ശില്പങ്ങള്‍, മഹാഭാരത്തിലെയും രാമായണത്തിലെയും നിഴല്‍കൂത്തിന് ഉപയോഗിച്ച ജപ്പാനിലെ തുകല്‍ പാവകള്‍ എന്നിവയും കാണാം.

ശ്രീചിത്ര ആര്‍ട്ട് ഗ്യാലറി: തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തരതിരുനാള്‍ 1935 ല്‍ ഉദ്ഘാടനം ചെയ്ത ഈ ഗാലറിയില്‍ രാജാരവിവര്‍മ്മ, നിക്കോളാസ് റോയറിച്ച്, സ്വെറ്റ്‌ലോവ തുടങ്ങിയ പ്രശസ്തരുടെ ചിത്രരചനകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. രജപുത്ര, തഞ്ചാവൂര്‍, മുഗളവംശ കാലത്തെ ചിത്രങ്ങളും, ബാലി, തിബറ്റ്, ജപ്പാന്‍, ചീന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള രചനകളും പ്രദര്‍ശനത്തിലുണ്ട്. 18-ാം നൂറ്റാണ്ടു മുതലുള്ള പ്രശസ്ത ചുവര്‍ചിത്രങ്ങളുടെ പകര്‍പ്പുകളും ഇവിടെ കാണാം.

ശ്രീചിത്രാ എന്‍ക്ലേവ്: 1993 ല്‍ ആരംഭിച്ച ഈ സംരക്ഷിത കേന്ദ്രത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ചരിത്രവും സ്മരകങ്ങളും കാണാം. രാജാക്കന്മാരുടെ ആഭരണങ്ങള്‍, കരകൗശല വസ്തുക്കള്‍, ചരിത്ര മുഹൂര്‍ത്തങ്ങള്‍ പ്രതിപാദിക്കുന്ന 'പത്രങ്ങള്‍' എന്നിവയും പ്രദര്‍സശനത്തിലുണ്ട്.

കെ.സി.എസ്. പണിക്കര്‍ ഗാലറി : പ്രശസ്ത കലാകാരനായിരുന്ന കെ.സി.എസ്. പണിക്കരുടെ ചിത്രരചനകള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മദിരാശിയിലെ പ്രോഗ്രസീവ് പെയിന്റേഴ്‌സ് അസോസിയേഷന്റെ സ്ഥാപനകനായ പണിക്കര്‍, രാജ്യത്തെ ഒന്‍പത് പ്രശസ്ത കലാകാരന്മാരില്‍ ഒരുവനായി പരിഗണിക്കപ്പെടുന്നു.

നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം : പക്ഷികളുടെയും, മൃഗങ്ങളുടെയും ഈ മ്യൂസിയത്തില്‍, മൃഗങ്ങളുടെ തോലുകളുപയോഗിച്ച് നിര്‍മ്മിച്ച സ്വാഭാവിക മാതൃകകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

സുവോളജിക്കല്‍ പാര്‍ക്ക് : 1859 ല്‍ സ്ഥാപിച്ച തിരുവനന്തപുരം മൃഗശാലക്ക് 55 ഏക്കറോളം വിസ്തൃതിയുണ്ട്. ഉരഗങ്ങള്‍, പാമ്പുകള്‍, പക്ഷികള്‍, സസ്തനികള്‍ തുടങ്ങി നിരവധി വിഭാഗങ്ങള്‍ ഈ മൃഗശാലയിലുണ്ട്.

കനകക്കുന്ന് കൊട്ടാരം: സാംസ്‌കാരിക പരിപാടികളുടെ കേന്ദ്രമായി ഈ കൊട്ടാരം അറിയപ്പെടുന്നു. കൊട്ടാരത്തിന്റെ വിശാല പരിസരം ഇതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുന്നു.

ബി. ഡേ ട്രിപ്പുകള്‍

കോയിക്കല്‍ കൊട്ടാരം, നെടുമങ്ങാട് (45 കി.മീ.): 15-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കൊട്ടാരം. നാട്ടറിവ് കേന്ദ്രം, നാണയ മ്യൂസിയം, എന്നിവ ഇവിടെ പ്രവര്‍ത്തിക്കുന്നു. നാടന്‍ കലാരൂപങ്ങള്‍, പ്രാചീന സംഗീത ഉപകരണങ്ങള്‍, പ്രാചീന വീട്ടുപകരണങ്ങള്‍ തുടങ്ങിയവ കൊട്ടാരത്തില്‍ പ്രദര്‍ശനത്തിലുണ്ട്.

നാണയ മ്യൂസിയത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിവിധ കാലഘട്ടങ്ങളിലെ നാണയങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു. കേരളത്തില്‍ വിവധ കാലഘട്ടങ്ങളില്‍ നിലനിന്ന വ്യാപാര ബന്ധങ്ങളെക്കുറിച്ച് ഇവ സൂചന നല്‍കുന്നു. ലോകത്തെ തന്നെ ഏറ്റവും ചെറുതും ഭാരത്തില്‍ 2500 വര്‍ഷം മുന്‍പ് നിലനിന്നിരുന്നതുമായ ഖര്‍ഷ, രാശി, നാണയങ്ങളും ഇവിടെയുണ്ട്.

കോയിക്കല്‍ കൊട്ടാരത്തിലേക്കുള്ള വഴിയില്‍ നിന്ന് തെല്ലൊന്ന് മാറിയാല്‍, തിരുവനന്തപുരം നഗരത്തിന്റെ ശുദ്ധജല സംഭരണിയായ അരുവിക്കര ഡാം കാണാം.

നെയ്യാര്‍ വന്യമൃഗ സങ്കേതം (45 കി.മീ.): നെയ്യാര്‍ഡാമിന്റെ തീരത്താണ് ഈ സങ്കേതം. മാന്‍, മുതല, സിംഹം എന്നിവക്കുള്ള പാര്‍ക്കുകള്‍ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. ഡാമില്‍ ബോട്ട് സവാരിക്കും സൗകര്യമുണ്ട്. സമീപത്ത് കോട്ടൂരില്‍ ആനകളുടെ പുനധിവാസ കേന്ദ്രവും ഉണ്ട്.

പൊന്‍മുടി (75 കി.മീ.): കടല്‍ നിരപ്പില്‍ നിന്നും 915 മീറ്റര്‍ ഉയരത്തിലുള്ള പൊന്‍മുടി മലനിരകള്‍ കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. വനപുഷ്പങ്ങളും, ചിത്രശലഭങ്ങളും, കാട്ടരുവികളും, മലനിരകളിലെ കാല്‍നട യാത്ര ആകര്‍ഷകമാക്കുന്നു. ഇവിടെ കെ.ടി.ഡി.സി. വക റിസോര്‍ട്ടും, വൃക്ഷകൂടാരവും ഉണ്ട്.

പൊന്‍മുടിയിലേക്കുള്ള വഴിയില്‍ കല്ലാര്‍ വാലി ഇക്കോ ടൂറിസം കേന്ദ്രവും സന്ദര്‍ശിക്കാം.

വര്‍ക്കല (65 കി.മീ.): ശാന്തമായ ഈ ഗ്രാമപ്രദേശത്ത് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന മനോഹരമായ കടല്‍ത്തീരം, ചുവന്ന വെട്ടുകല്ലിന്റെ കുന്നുകള്‍, 2000 വര്‍ഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രം തുടങ്ങി പല കാഴ്ചകളും ഉണ്ട്. ചെങ്കല്‍ കുന്നുകളില്‍ നിന്നും ഊറിവരുന്ന ധാതുക്കള്‍ നിറഞ്ഞ ജലത്തിന് ഔഷധമൂല്യം ഉണ്ട്. കടല്‍തീരത്തെ ഒരു അപൂര്‍വ്വ കാഴ്ചയാണിത്.

'പാപനാശം കടപ്പുറം' എന്നാണ് ഈ തീരം അറിയപ്പെടുന്നത് ഇവിടെ മുങ്ങിക്കുളിച്ചാല്‍ സര്‍വ്വ പാപങ്ങളും തീരുമെന്നാണ് ഭക്തരുടെ വിശ്വാസം. മലമടക്കുകളില്‍, തീരത്തിന് അഭിമുഖമായി ജനാര്‍ദ്ദന സ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നു.

ശ്രീ നാരായണഗുരു ദേവനാല്‍ സ്ഥപിതമായ ശിവഗിരി മഠവും ഇവിടെയാണ്.സ്വാമികളുടെ സമാധിയില്‍ തീര്‍ത്ഥാടനകാലത്ത് പതിനായിരങ്ങള്‍ ദര്‍ശനം നടത്തുന്നു. വര്‍ക്കലയില്‍ വിനോദ സഞ്ചാരികള്‍ക്കുവേണ്ട എല്ലാ താമസ സൗകര്യങ്ങളും സജ്ജമാണ്.

തെന്മല ഇക്കോ ടൂറിസം (85 കി.മീ): വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ മികച്ച ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ സ്ഥാനം പിടിച്ച കേന്ദ്രമാണിത്. നടപ്പാതകള്‍, തൂക്കുപാലം, നക്ഷത്ര വനം, ശില്പ ഉദ്യാനം, സംഗീത ജലധാര, എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. പക്ഷി നിരീക്ഷണം, ട്രക്കിംഗ്, പാറകയറ്റം, കാട്ടിനുള്ളില്‍ ബൈക്ക് സഞ്ചാരം, നദിക്ക് കുറുകെ കടക്കല്‍ തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കും ഇവിടെ അവസരമുണ്ട്. മാന്‍ പുനരധിവാസ കേന്ദ്രവും ഇവിടെയുണ്ട്. ശെന്തുരുണി വന്യമൃഗ കേന്ദ്രവും സമീപത്താണ്. ശെന്തരുണി ജലസംഭരണിയില്‍ ബോട്ടിംഗ് സൗകര്യവും ഉണ്ട്.

കന്യാകുമാരി (90 കി.മീ): സൂര്യാസ്തമയവും സൂര്യോദയവും കാണാന്‍ കഴിയുന്ന ഭാരതത്തിന്റെ തെക്കേയറ്റത്തുള്ള ഈ മുനമ്പില്‍, അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും ഒന്നിക്കുന്നു. പ്രമുഖ തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ് കന്യാകുമാരിയിലെ പ്രശസ്തമായ ദേവിക്ഷേത്രം. ലൈറ്റ് ഹൗസും, സര്‍ക്കാര്‍ മ്യൂസിയവും തുടങ്ങിയവ ഇവിടെ പ്രവര്‍ത്തിക്കുന്നു.